01:56pm 16 August 2026
NEWS
അത്തച്ചമയ ലഹരിയിൽ തൃപ്പൂണിത്തുറ; വർണാഭമായ ഘോഷയാത്രയ്ക്ക് തുടക്കം
16/08/2026  11:23 AM IST
nila
അത്തച്ചമയ ലഹരിയിൽ തൃപ്പൂണിത്തുറ; വർണാഭമായ ഘോഷയാത്രയ്ക്ക് തുടക്കം

തൃപ്പൂണിത്തുറ: പൂക്കളും പൂവിളികളുമായി ഓണത്തെ വരവേൽക്കാൻ കേരളം ഒരുങ്ങി. ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്കൂൾ മൈതാനിയിൽ രാവിലെ ഒമ്പതിന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അത്താഘോഷം ഉദ്ഘാടനം ചെയ്തു. നടൻ ജഗദീഷും മന്ത്രി അനൂപ് ജേക്കബും ചേർന്നാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.

മേളവും താളവുമായി കേരളത്തിന്റെ തനത് കലാരൂപങ്ങൾ അണിനിരന്ന ഘോഷയാത്രയിൽ വിവിധ പ്രദേശങ്ങളിൽനിന്നുള്ള രണ്ടായിരത്തോളം കലാകാരന്മാർ പങ്കെടുത്തു. ചെറുമഴയ്ക്ക് പിന്നാലെ ഉത്സവലഹരിയിലായ നഗരവീഥികളിൽ ഘോഷയാത്ര കാണാൻ പതിനായിരങ്ങളാണ് എത്തിയത്.

വാദ്യഘോഷങ്ങൾക്കും നിശ്ചലദൃശ്യങ്ങൾക്കും പുറമെ വിവിധ കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി. കൊച്ചി രാജഭരണകാലത്തെ അത്തച്ചമയത്തിന്റെ ഓർമകൾ പുതുക്കുന്ന ആഘോഷത്തിന് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്.

അത്തം നഗറിൽനിന്ന് ആരംഭിച്ച ഘോഷയാത്ര ബസ് സ്റ്റാൻഡ് റോഡ്, സ്റ്റാച്യു, കിഴക്കേക്കോട്ട, എസ്.എൻ. ജങ്ഷൻ, വടക്കേക്കോട്ട, പൂർണത്രയീശ ക്ഷേത്രം റോഡ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അത്തം നഗറിൽ സമാപിക്കും.

അത്തപ്പൂക്കള മത്സരവും പൂക്കള പ്രദർശനവും ഉൾപ്പെടെ നിരവധി പരിപാടികളാണ് അത്തച്ചമയത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സിയോൺ ഓഡിറ്റോറിയത്തിൽ രാവിലെ അത്തപ്പൂക്കള മത്സരം നടക്കും. വൈകീട്ട് മൂന്നുമുതൽ പൂക്കളങ്ങളുടെ പ്രദർശനമുണ്ടാകും. ലായം കൂത്തമ്പലത്തിൽ വൈകീട്ട് കലാസന്ധ്യയ്ക്കും തുടക്കമാകും. വിവിധ ദിവസങ്ങളിലായി പ്രമുഖർ പങ്കെടുക്കുന്ന കലാപരിപാടികളും അരങ്ങേറും. ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 25ന് സമാപിക്കും.

നഗരത്തിൽ ഗതാഗത നിയന്ത്രണം

അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് മൂന്നുവരെ തൃപ്പൂണിത്തുറ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ഭാഗത്തുനിന്നുള്ള ഹെവി, ഗുഡ്സ് വാഹനങ്ങൾ മുളന്തുരുത്തി–ചോറ്റാനിക്കര–തിരുവാങ്കുളം–സീപോർട്ട്-എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്ക് പോകണം. വൈക്കം ഭാഗത്തുനിന്നുള്ള ഹെവി വാഹനങ്ങൾ നടക്കാവ് ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ഇതേ റൂട്ടിലൂടെ യാത്ര തുടരേണ്ടതാണ്.

കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽനിന്ന് എറണാകുളത്തേക്ക് പോകുന്ന സർവീസ് ബസുകളും ചെറുവാഹനങ്ങളും കണ്ണൻകുളങ്ങര ജങ്ഷനിൽനിന്ന് മിനി ബൈപ്പാസ് വഴി പോകണം. കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ നടക്കാവ് ജങ്ഷനിൽനിന്ന് മുളന്തുരുത്തി–ചോറ്റാനിക്കര വഴി യാത്ര ചെയ്യണം.

എറണാകുളം, വൈറ്റില ഭാഗങ്ങളിൽനിന്ന് വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പേട്ട ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മിനി ബൈപ്പാസ്–കണ്ണൻകുളങ്ങര വഴി പോകണം.

വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽനിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പേട്ട ജങ്ഷനിൽനിന്ന് ഇരുമ്പനം വഴി യാത്ര ചെയ്യണം. വെണ്ണല, എരൂർ ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ എരൂർ ലേബർ ജങ്ഷനിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് ട്രാക്കോ കേബിൾ ജങ്ഷൻ–സീപോർട്ട്-എയർപോർട്ട് റോഡ്–ഇരുമ്പനം വഴി പോകണം.

മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളിൽനിന്ന് എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകുന്ന ചെറുവാഹനങ്ങളും സർവീസ് ബസുകളും കരിങ്ങാച്ചിറ–ഇരുമ്പനം ജങ്ഷൻ–എസ്.എൻ. ജങ്ഷൻ–പേട്ട വഴി പോകണം. ഹെവി വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴിയാണ് പോകേണ്ടത്.

ടിപ്പർ, ടാങ്കർ, കണ്ടെയ്നർ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ ടൗണിലേക്ക് പ്രവേശനമുണ്ടാകില്ല. പുതിയകാവ് ഭാഗത്തുനിന്ന് മാർക്കറ്റ് റോഡ് വഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജങ്ഷനിലേക്കും പ്രവേശനം അനുവദിക്കില്ല.

പാർക്കിങ്ങിനും നിയന്ത്രണം

ഘോഷയാത്ര കടന്നുപോകുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട്, തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, സ്റ്റാച്യു, കിഴക്കേക്കോട്ട, എസ്.എൻ. ജങ്ഷൻ, അലയൻസ്, വടക്കേക്കോട്ട, പൂർണത്രയീശ ക്ഷേത്രം എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കില്ല.

എറണാകുളം, ആലുവ ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാർ അന്നേദിവസം മെട്രോ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദേശിച്ചു.

നടക്കാവ് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പുതിയകാവ് അമ്പലത്തിന്റെ ഗ്രൗണ്ടിലും മരട്, പേട്ട ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ എസ്.എൻ. വിദ്യാപീഠം, വെങ്കിടേശ്വര സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം. കണ്ണൻകുളങ്ങര മുതൽ മിനി ബൈപ്പാസ്, പേട്ട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.

പുതിയകാവ് ഭാഗത്തുനിന്നുള്ള സർവീസ് ബസുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ ഹോസ്പിറ്റൽ ജങ്ഷൻ–മിനി ബൈപ്പാസ് വഴി സർവീസ് നടത്തണമെന്നും നിർദേശമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img